Saturday, December 10, 2011

ദൈവനാമത്തില്‍ മാമോന്‍

ഈ പോസ്റ്റുകള്‍ ടൈറ്റില്‍ ചെയ്യേണ്ടി വരുമ്പോള്‍ “മതപരം” എന്നാണ് തെരഞ്ഞെടുക്കേണ്ടി വരുന്നത്. എന്നാല്‍ അത് അല്പം വൈമനസ്യത്തോടെയാണ്  ഞാന്‍ ചെയ്യാറ്. കാരണം ഇത് മതപരമല്ല. ഞാന്‍ ഒരു മതത്തിലും ആകൃഷ്ടനോ ഭാഗമോ അല്ല.എന്നാല്‍ വേറൊരു ഓപ്ഷനില്ലാത്തതിനാല്‍ തല്‍ക്കാലം സംഗതി മതപരം തന്നെ!  “മതം മനുഷ്യനെ മയക്കുന്ന കറപ്പ്”  ആണെന്ന് കാള്‍ മാര്‍ക്സ് പറഞ്ഞതെത്രയും ശരിയെന്ന് ബോദ്ധ്യപ്പെടുന്ന ഒരു കാലത്താണ്  ഞാന്‍ ജീവിക്കുന്നത്. യഥാര്‍ത്ഥദൈവത്തെയും ദൈവികപ്രമാണങ്ങളെയും മാനുഷികനീതിയെയും മതം എന്നും നിരസിച്ചും എതിര്‍ത്തും വന്നിട്ടേയുള്ളു. മതത്തിന് എഴുതിവയ്ക്കപ്പെട്ടിട്ടുള്ള പ്രമാണങ്ങള്‍ മാത്രമേയുള്ളു എന്നും. അവയാകട്ടെ മാനുഷപക്ഷത്ത് നില്‍ക്കുന്നവയായിരുന്നില്ല താനും. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും സര്‍വമതങ്ങളുടെയും അടിസ്ഥാനപരമായ സ്വഭാവം ഇതുതന്നെ. യേശുവിനെ കുരിശില്‍ തറച്ച് കൊന്നത്  റോമക്കാരോ യവനരോ ഗ്രേക്കരോ അറബികളോ അല്ല, മറിച്ച് യഹൂദമതവും പുരോഹിതന്മാരും ആയിരുന്നു. ഇന്നും യഥാര്‍ത്ഥയേശുവിനെ ക്രൂശിക്കുന്നവരും ലോകാപവാദം വരുത്തുന്നവരും വേറൊരു മതമോ ജാതിയോ അല്ല, ക്രിസ്തീയരെന്ന് അവകാശപ്പെടുന്ന വിവിധവിഭാഗങ്ങള്‍ തന്നെ. ഭാഗം തിരിഞ്ഞുനിന്ന് പള്ളികള്‍ക്കും പണത്തിനും പദവികള്‍ക്കുമായി വെട്ടാനും കൊല്ലാനും വെല്ലുവിളിക്കാനും ഒരുങ്ങുന്നവര്‍ അവര്‍ തന്നെയല്ലേ? എന്നാല്‍ അവയുടെ പൊള്ളത്തരം തുറന്നുകാട്ടി ഓരോ കാലത്ത് വേര്‍പെട്ടുപോയവരുടെ പിന്‍ ഗാമികള്‍ “വളരും തോറും പിളരുകയും പിളരും തോറും വളരുകയും” ചെയ്യുന്ന കാക്കത്തൊള്ളായിരം സഭകളായി തീര്‍ന്നു. മാത്രമോ മേധാവിത്വത്തിനായി എന്തുതരത്തിലുള്ള പാരവയ്പുകള്‍ക്കും ഡോക്ടറേറ്റ് എടുത്ത ചില റവറന്റുകള്‍ കൂടിയായപ്പോള്‍ ബാര്‍ബേറിയന്മാര്‍ പോലും ചെയ്യാത്ത കുത്സിതവൃത്തികള്‍ക്കൊന്നിനും മടിയുമില്ലാതെയായി അവര്‍ക്ക്. ഇതിനിടയില്‍ യേശുവിന്റെ സൌരഭ്യം പരത്തുന്നവര്‍, അവന്റെ നിര്‍മലവ്യക്തിത്വത്തിന്റെ പരിമളം വിതറുന്നവര്‍, മാതൃകയായിരിക്കുന്ന ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍, ഈ ലോകവും അതിന്റെ പ്രഭുവും വരട്ടെ, അവര്‍ക്ക് ഞങ്ങളോട് ഒരു കാര്യവുമില്ലയെന്ന്  പ്രവൃത്തികളാല്‍ തെളിയിക്കുന്നവര്‍, വളരെ കുറവെങ്കിലും അങ്ങിനെയൊരു ശേഷിതഗണം ഉണ്ട്. “ജീവങ്കലേയ്ക്കുള്ള വഴി കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ” യേശുവിന്റെ സ്വഭാവം എന്നും മനുഷ്യന്റെ യുക്തികള്‍ക്കും രീതികള്‍ക്കും അപ്പുറമായിരുന്നു. ഒരു ചെകിടത്തടിച്ചാല്‍ മറുചെവിടും കാണിച്ചുകൊടുക്കാന്‍ പറഞ്ഞ ക്രിസ്തു പിന്നെയൊരിക്കല്‍ ചാട്ടവാര്‍ എടുത്ത് രൌദ്രഭാവം പൂണ്ടത്  ഓര്‍ക്കുക. ദേവാലയത്തില്‍ ദൈവത്തിന്റെ പേര് പറഞ്ഞ പണമുണ്ടാക്കിയവരെയായിരുന്നു യേശു അടിച്ചുപുറത്താക്കിയത്. പണമുണ്ടാക്കുന്നത് തെറ്റല്ല. പക്ഷെ ദൈവനാമത്തില്‍ പണമുണ്ടാക്കുന്നത് അടിച്ചുപുറത്താക്കേണ്ട  പാപം തന്നെ. അവന്‍ അടിച്ചുപുറത്താക്കിയത് ചന്തയില്‍ കച്ചവടം നടത്തിയിരുന്നവരെയല്ല. ചന്തയില്‍ കച്ചവടം നടത്തുക, പണമുണ്ടാക്കുക-ന്യായം. ദേവാലയത്തില്‍ പണമുണ്ടാക്കുക- അന്യായം, പാപം-അടിച്ചുപുറത്താക്കിശുദ്ധീകരിക്കേണ്ട കൊടിയ പാപം തന്നെ. ഇവിടെ വേറൊരു വിഷയം ശ്രദ്ധിക്കേണ്ടതുണ്ട്. പലസമയത്ത് യേശുവിനെ പലരും പലതും പറയുകയും കല്ലെറിയുകയും കളിയാക്കുകയും പിശാചെന്ന് വിളിക്കയും നിനക്കൊരു ഭൂതമുണ്ട് എന്നു പറകയും പുറന്തള്ളുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെയൊക്കെ ദൈവീകമായി പ്രതികരിച്ചുകൊണ്ട് “ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍” എന്നായിരുന്നു യേശുവിന്റെ പ്രതികരണം. പക്ഷെ ദൈവത്തിന്റെ നാമത്തിന് ഒരു അവമാനം വന്നപ്പോള്‍ യേശുവിന് കയറുകൊണ്ടൊരു ചാട്ടവാറുണ്ടാക്കാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. നാം നേരെ തിരിച്ചാണ്. നമ്മുടെ പേരിനോ മാനത്തിനോ ചെറിയ ഒരു അവമതി തട്ടിയാല്‍ മതി നാം ചാട്ടവാറെടുത്ത് കോപത്തോടെ അടി തുടങ്ങും, എന്നാല്‍ ദൈവത്തിന്റെ നാമത്തിന് അവമാനം നേരിടുമ്പോള്‍ എത്ര നിസ്സംഗതയോടെ ഇരിക്കാന്‍ കഴിയുന്നു. ദൈവനാമത്തില്‍ പണമുണ്ടാക്കുമ്പോഴും അനീതികള്‍ പെരുകുമ്പോഴും നമുക്ക് മനസ്സില്‍ പോലും ഒരു പ്രതിഷേധം തോന്നുന്നില്ല. ഇനി അഥവാ തോന്നുന്നുവെങ്കില്‍ അത് “മറ്റവര്‍” പണമുണ്ടാക്കുന്നു എന്നുള്ള എരിച്ചില്‍ മൂലമായിരിക്കും. അതെ, മതം കൊല്ലുവാന്‍ പ്രേരിപ്പിക്കുന്നു. സ്നേഹത്തിന്റെ മതമായാലും, ത്യാഗത്തിന്റെ മതമായാലും ക്ഷമയുടെ മതമായാലും ഒരു എതിര്‍ വാക്ക് ഉയരട്ടെ, അപ്പോള്‍ ഖഡ്ഗങ്ങള്‍ ഉയരുകയായി.  ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിച്ചുവെങ്കില്‍!!!!

Monday, December 5, 2011

വിരുന്നു വീടും വിലാപഭവനവും

വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലത്. സകലമനുഷ്യരുടെയും അവസാനം അതല്ലോ. ജീവിച്ചിരിക്കുന്നവര്‍ അത് ഹൃദയത്തില്‍ കരുതിക്കൊള്ളും. (സഭാപ്രസംഗി 7:2)

ഭഗവദ്ഗീതയില്‍ കൃഷ്ണനോട് അര്‍ജുനന്‍ ചോദിക്കുന്നു. മനുഷ്യരില്‍ ഏറ്റം വിചിത്രമായി നീ കണുന്നതെന്താണ് കൃഷ്ണാ? കൃഷ്ണന്‍ മറുപടി കൊടുക്കുന്നു. അല്പായുസ്സായിട്ടുള്ള ഈ മനുഷ്യരൊന്നും അതെപ്പറ്റി ചിന്തിക്കാതെ ദീര്‍ഘകാല പദ്ധതികളുമായി ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക്  അതെത്രയും വിചിത്രമെന്ന് തോന്നുന്നു (ആശയവിവര്‍ത്തനം)


പ്രിയപ്പെട്ടവര്‍ നമ്മെ വിട്ട് മണ്മറയുമ്പോള്‍ പലതരത്തിലാണ് പലരുടെയും പ്രതികരണങ്ങള്‍. ചിലര്‍ അതോടെ തകര്‍ന്ന് പോകാറുണ്ട്. ചിലര്‍ ദൈവവിശ്വാസം വിട്ട് പിന്തിരിഞ്ഞ് പോകാറുണ്ട്. ചിലര്‍ വിരക്തിയടഞ്ഞു പോകും. മറ്റു ചിലര്‍ മദ്യത്തിലും മയക്കുമരുന്നുകളിലും ആശ്വാസം കണ്ടെത്താന്‍ വൃഥാ ശ്രമിക്കും. അധികം പേരും കുറെ നാള്‍ ദുഃഖിച്ചിരുന്നതിനു ശേഷം വീണ്ടും തങ്ങളുടെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങും. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രതികരണം ഇതാ:-

Blog address: http://shekinahsantoshmathew.blogspot.com/

Saturday, December 3, 2011

സ്നേഹം ദോഷം കണക്കിടുന്നില്ല

മൂന്നര വര്‍ഷം ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ പതിമൂന്ന് പേര്‍. അതിലൊരാളിന് മാത്രം മുന്നറിവുണ്ട് തനിയ്ക്ക് ഇനി ഇതുപോലൊരു രാത്രി ഈ പന്ത്രണ്ട് പേരോടൊപ്പമുണ്ടാവുകയില്ലെന്ന്.  ആ പതിമൂന്ന് പേരില്‍ ഇനി ഒരാള്‍ മാത്രം വലിയ കൌശലക്കാരനായ ഒരു മനുഷ്യനായിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചിട്ടും കൂടെയുള്ളവര്‍ക്ക് തന്റെ സ്വഭാവത്തിന്റെ യഥാര്‍ത്ഥരൂപം എന്തെന്ന് ഒരിക്കലും വെളിപ്പെടുത്താത്ത തരത്തിലുള്ള കൌശലക്കാരന്‍. എന്തുകൊണ്ടാണ്  ഇങ്ങിനെ ഞാന്‍ പറയാന്‍ കാരണം? ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു  “എന്നാല്‍ എന്നെക്കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത്  ഉണ്ട്. നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്  അയ്യോ കഷ്ടം എന്നു പറഞ്ഞു.”  (ലൂക്കോസ് അദ്ധ്യായം 22; വാക്യം 21-22)  ഇതു കേട്ടപ്പോള്‍  “ഇതു ചെയ്‌വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി” (ലൂക്കോസ് അദ്ധ്യായം 22; വാക്യം 23) നോക്കുക! ഇത്ര വ്യക്തമായി സൂചന കൊടുത്തിട്ടും അവര്‍ക്ക് അതാരെന്ന് മനസ്സിലാക്കാനായില്ലെങ്കില്‍ അതിന്റെയര്‍ത്ഥം അവര്‍ക്ക് യൂദായുടെ മേല്‍ ഒരു സംശയവുമുണ്ടായിരുന്നില്ല എന്നല്ലേ? അതിനര്‍ത്ഥം യൂദാ തന്റെ കുടിലത വളരെ സമര്‍ത്ഥമായി മറച്ചുവച്ചിരുന്നുവെന്നല്ലേ? ആ നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് ഉള്ളിലൊന്ന് പുറത്തൊന്ന് എന്ന മട്ടിലുള്ള ഇരുസ്വഭാവങ്ങളില്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് തങ്ങളുടെയിടയില്‍ ജീവിച്ചിരുന്ന ഇരുള്‍മനസ്സിനെ കാണുവാനും കഴിഞ്ഞില്ല.

          ജീവന്റെ ഉറവിങ്കല്‍ നിന്ന് ജീവവാക്യങ്ങള്‍ കേള്‍ക്കയും സ്വര്‍ഗീയനോട് ചേര്‍ന്ന് നടക്കയും ചെയ്തിട്ടും യൂദായുടെ ഹൃദയത്തില്‍ പക തോന്നണമെങ്കില്‍ എന്തായിരുന്നിരിക്കാം കാരണം? മത്തായിയുടെ സുവിശേഷം അദ്ധ്യായം 26, വാക്യം 6 മുതല്‍ 13 വരെയുള്ള സംഭവവിവരണം ഇങ്ങിനെ: “യേശു ബെഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന സൈമണിന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കല്‍ ഭരണി എടുത്തുംകൊണ്ട് അവന്റെ അടുക്കല്‍ വന്ന് അവന്റെ ശിരസ്സില്‍ ആ തൈലം ഒഴിച്ചു. (അന്നത്തെ ഇസ്രായേലിലെ ബഹുമാന്യമായ ഒരു ആചാരം) എന്നാല്‍ ശിഷ്യന്മാര്‍ അത്  കണ്ടിട്ട് മുഷിഞ്ഞ് “ഈ വെറും ചെലവ് എന്തിന്, ഇത് വളരെ വിലയ്ക്ക് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാമായിരുന്നല്ലോ” എന്ന് പറഞ്ഞു. (ഇവിടെ ശിഷ്യന്മാര്‍ എന്ന് എഴുതിയിരിക്കുന്നുവെങ്കിലും യോഹന്നാന്‍   അദ്ധ്യായം12: 4 ല്‍ ഇസ്കര്യോത്താ യൂദാ ആണത് പറഞ്ഞതെന്നും അത് ദരിദ്രരെപ്പറ്റിയുള്ള വിചാരം കൊണ്ടല്ലയെന്നും പണസ്സഞ്ചിയില്‍ നിന്ന് അവന്‍ മോഷ്ടിക്ക പതിവായിരുന്നെന്നും വ്യക്തം)  എന്നാല്‍ ഈ  വാക്കുകള്‍ കേട്ട് യേശു മറുപടി ഇങ്ങിനെ പറഞ്ഞു, “സ്ത്രീയെ അസഹ്യപ്പെടുത്തുന്നതെന്ത്? അവള്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. .......ലോകത്തില്‍ എങ്ങും അവള്‍ ഈ ചെയ്തതും പ്രസംഗിക്കപ്പെടും”

ഇത് കേള്‍ക്കെ യൂദായുടെ ഉള്ളില്‍ നീരസം പുകഞ്ഞു. അവന്‍ പകയോടെ യേശുവിനെ മനസ്സില്‍ നിന്ദിച്ചു. പരസ്യമായി നീ എന്റെ വാക്കുകള്‍ നിരസിച്ചു അല്ലേ? എല്ലാവരുടെയും മുമ്പില്‍ നീ എന്നെ മാനം കെടുത്തി അല്ലേ? ഈ വെറും അലവലാതിപ്പെണ്ണുമ്പിള്ളയുടെ മുമ്പില്‍ വച്ച് നീ എന്നെ കൊച്ചാക്കി അല്ലേ? നിന്റെ പിറകെ നടക്കുന്ന എന്നെ നീ തള്ളിപ്പറഞ്ഞിട്ട് ഈ സ്ത്രീ ചെയ്തതിനെ പുകഴ്ത്തി അല്ലേ? ഇവള്‍ ചെയ്തത് ലോകത്തിലൊക്കെ അറിയും അല്ലേ? നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ, നിന്നെ ഞാന്‍ കാണിച്ചു തരാമെടാ.

തുടര്‍ന്ന് വരുന്ന വാക്യം ഇങ്ങിനെയാണ്. അന്ന് (ഈ സംഭവം നടക്കുന്ന അന്ന്) ഇസ്കര്യോത്താ യൂദാ മഹാപുരോഹിതന്മാരുടെ അടുത്ത് ചെന്ന്: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്ന് പറഞ്ഞു. മറ്റ് വേദഭാഗങ്ങളില്‍ യൂദായില്‍ സാത്താന്‍ കടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരെങ്കിലും നിങ്ങളുടെ വാക്കുകള്‍ തട്ടിക്കളയുമ്പോള്‍, പരസ്യമായി ശാസിക്കുമ്പോള്‍, വേറൊരാള്‍ ഉയര്‍ത്തപ്പെടുമ്പോള്‍ നിങ്ങളുടെയുള്ളിലും “ഞാന്‍ കാണിച്ചുതരാമെടാ” എന്ന ചിന്ത വരാറുണ്ടോ...? സൂക്ഷിക്കുക.

ഇനി നമുക്ക് ആദ്യം പരാമര്‍ശിച്ചിരുന്ന വിഷയത്തിലേയ്ക്ക് വരാം. ഒരാള്‍ എന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞിട്ടുപോലും മറ്റ് ശിഷ്യന്മാര്‍ക്ക് അതാരെന്ന് പിടി കിട്ടിയില്ല. ഇവിടെയാണ് യേശുവിന്റെ ദിവ്യസ്വഭാവത്തില്‍ അത്ഭുതപ്പെടുന്നത്. ആദി മുതല്‍ തന്നെ യേശു യൂദായുടെ ക്രിമിനല്‍ സ്വഭാവത്തെപ്പറ്റി അറിവുള്ളവനായിരുന്നു എന്ന് നാം ബൈബിളില്‍ വായിക്കുന്നു. എന്നാല്‍ അവസാനം വരെ അവനെ സ്നേഹിക്കയും മറ്റ് കൂട്ടുകാര്‍ക്കൊന്നും അവന്റെ  ഈ സ്വഭാവത്തെപ്പറ്റി ഒരു സൂചന പോലും നല്‍കാതെയും അവന്‍ അവരെ സംരക്ഷിച്ചിരുന്നു. നാമാണെങ്കില്‍ എത്ര ദിവസം ഈ രഹസ്യം സൂക്ഷിക്കും? വാക്കുകളില്‍ പറഞ്ഞില്ലെങ്കിലും നമ്മുടെ മുഖഭാവമെങ്കിലും കണ്ട് മറ്റ് ശിഷ്യന്മാര്‍ക്ക് ഒരു സൂചന ലഭിക്കയില്ലേ?  അവനെ ഒന്ന് സൂക്ഷിച്ചോളൂ എന്ന് ഒരു മുന്നറിയിപ്പ് കൊടുക്കാതെയിരിക്കുമോ നാം?

തേജസ്സിന്മേല്‍ തേജസ് പ്രാപിച്ച് ക്രിസ്തുവിനെപ്പോലെ ആയിത്തീരാനാണ് യേശുക്രിസ്തു അനുയായികളെ അന്വേഷിക്കുന്നതും ഒരുക്കുന്നതും. സുവിശേഷങ്ങളീലെ യേശു എനിക്ക് നിത്യവിസ്മയം തന്നെ.