Saturday, December 3, 2011

സ്നേഹം ദോഷം കണക്കിടുന്നില്ല

മൂന്നര വര്‍ഷം ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ പതിമൂന്ന് പേര്‍. അതിലൊരാളിന് മാത്രം മുന്നറിവുണ്ട് തനിയ്ക്ക് ഇനി ഇതുപോലൊരു രാത്രി ഈ പന്ത്രണ്ട് പേരോടൊപ്പമുണ്ടാവുകയില്ലെന്ന്.  ആ പതിമൂന്ന് പേരില്‍ ഇനി ഒരാള്‍ മാത്രം വലിയ കൌശലക്കാരനായ ഒരു മനുഷ്യനായിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചിട്ടും കൂടെയുള്ളവര്‍ക്ക് തന്റെ സ്വഭാവത്തിന്റെ യഥാര്‍ത്ഥരൂപം എന്തെന്ന് ഒരിക്കലും വെളിപ്പെടുത്താത്ത തരത്തിലുള്ള കൌശലക്കാരന്‍. എന്തുകൊണ്ടാണ്  ഇങ്ങിനെ ഞാന്‍ പറയാന്‍ കാരണം? ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു  “എന്നാല്‍ എന്നെക്കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത്  ഉണ്ട്. നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്  അയ്യോ കഷ്ടം എന്നു പറഞ്ഞു.”  (ലൂക്കോസ് അദ്ധ്യായം 22; വാക്യം 21-22)  ഇതു കേട്ടപ്പോള്‍  “ഇതു ചെയ്‌വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി” (ലൂക്കോസ് അദ്ധ്യായം 22; വാക്യം 23) നോക്കുക! ഇത്ര വ്യക്തമായി സൂചന കൊടുത്തിട്ടും അവര്‍ക്ക് അതാരെന്ന് മനസ്സിലാക്കാനായില്ലെങ്കില്‍ അതിന്റെയര്‍ത്ഥം അവര്‍ക്ക് യൂദായുടെ മേല്‍ ഒരു സംശയവുമുണ്ടായിരുന്നില്ല എന്നല്ലേ? അതിനര്‍ത്ഥം യൂദാ തന്റെ കുടിലത വളരെ സമര്‍ത്ഥമായി മറച്ചുവച്ചിരുന്നുവെന്നല്ലേ? ആ നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് ഉള്ളിലൊന്ന് പുറത്തൊന്ന് എന്ന മട്ടിലുള്ള ഇരുസ്വഭാവങ്ങളില്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് തങ്ങളുടെയിടയില്‍ ജീവിച്ചിരുന്ന ഇരുള്‍മനസ്സിനെ കാണുവാനും കഴിഞ്ഞില്ല.

          ജീവന്റെ ഉറവിങ്കല്‍ നിന്ന് ജീവവാക്യങ്ങള്‍ കേള്‍ക്കയും സ്വര്‍ഗീയനോട് ചേര്‍ന്ന് നടക്കയും ചെയ്തിട്ടും യൂദായുടെ ഹൃദയത്തില്‍ പക തോന്നണമെങ്കില്‍ എന്തായിരുന്നിരിക്കാം കാരണം? മത്തായിയുടെ സുവിശേഷം അദ്ധ്യായം 26, വാക്യം 6 മുതല്‍ 13 വരെയുള്ള സംഭവവിവരണം ഇങ്ങിനെ: “യേശു ബെഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന സൈമണിന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കല്‍ ഭരണി എടുത്തുംകൊണ്ട് അവന്റെ അടുക്കല്‍ വന്ന് അവന്റെ ശിരസ്സില്‍ ആ തൈലം ഒഴിച്ചു. (അന്നത്തെ ഇസ്രായേലിലെ ബഹുമാന്യമായ ഒരു ആചാരം) എന്നാല്‍ ശിഷ്യന്മാര്‍ അത്  കണ്ടിട്ട് മുഷിഞ്ഞ് “ഈ വെറും ചെലവ് എന്തിന്, ഇത് വളരെ വിലയ്ക്ക് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാമായിരുന്നല്ലോ” എന്ന് പറഞ്ഞു. (ഇവിടെ ശിഷ്യന്മാര്‍ എന്ന് എഴുതിയിരിക്കുന്നുവെങ്കിലും യോഹന്നാന്‍   അദ്ധ്യായം12: 4 ല്‍ ഇസ്കര്യോത്താ യൂദാ ആണത് പറഞ്ഞതെന്നും അത് ദരിദ്രരെപ്പറ്റിയുള്ള വിചാരം കൊണ്ടല്ലയെന്നും പണസ്സഞ്ചിയില്‍ നിന്ന് അവന്‍ മോഷ്ടിക്ക പതിവായിരുന്നെന്നും വ്യക്തം)  എന്നാല്‍ ഈ  വാക്കുകള്‍ കേട്ട് യേശു മറുപടി ഇങ്ങിനെ പറഞ്ഞു, “സ്ത്രീയെ അസഹ്യപ്പെടുത്തുന്നതെന്ത്? അവള്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. .......ലോകത്തില്‍ എങ്ങും അവള്‍ ഈ ചെയ്തതും പ്രസംഗിക്കപ്പെടും”

ഇത് കേള്‍ക്കെ യൂദായുടെ ഉള്ളില്‍ നീരസം പുകഞ്ഞു. അവന്‍ പകയോടെ യേശുവിനെ മനസ്സില്‍ നിന്ദിച്ചു. പരസ്യമായി നീ എന്റെ വാക്കുകള്‍ നിരസിച്ചു അല്ലേ? എല്ലാവരുടെയും മുമ്പില്‍ നീ എന്നെ മാനം കെടുത്തി അല്ലേ? ഈ വെറും അലവലാതിപ്പെണ്ണുമ്പിള്ളയുടെ മുമ്പില്‍ വച്ച് നീ എന്നെ കൊച്ചാക്കി അല്ലേ? നിന്റെ പിറകെ നടക്കുന്ന എന്നെ നീ തള്ളിപ്പറഞ്ഞിട്ട് ഈ സ്ത്രീ ചെയ്തതിനെ പുകഴ്ത്തി അല്ലേ? ഇവള്‍ ചെയ്തത് ലോകത്തിലൊക്കെ അറിയും അല്ലേ? നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ, നിന്നെ ഞാന്‍ കാണിച്ചു തരാമെടാ.

തുടര്‍ന്ന് വരുന്ന വാക്യം ഇങ്ങിനെയാണ്. അന്ന് (ഈ സംഭവം നടക്കുന്ന അന്ന്) ഇസ്കര്യോത്താ യൂദാ മഹാപുരോഹിതന്മാരുടെ അടുത്ത് ചെന്ന്: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്ന് പറഞ്ഞു. മറ്റ് വേദഭാഗങ്ങളില്‍ യൂദായില്‍ സാത്താന്‍ കടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരെങ്കിലും നിങ്ങളുടെ വാക്കുകള്‍ തട്ടിക്കളയുമ്പോള്‍, പരസ്യമായി ശാസിക്കുമ്പോള്‍, വേറൊരാള്‍ ഉയര്‍ത്തപ്പെടുമ്പോള്‍ നിങ്ങളുടെയുള്ളിലും “ഞാന്‍ കാണിച്ചുതരാമെടാ” എന്ന ചിന്ത വരാറുണ്ടോ...? സൂക്ഷിക്കുക.

ഇനി നമുക്ക് ആദ്യം പരാമര്‍ശിച്ചിരുന്ന വിഷയത്തിലേയ്ക്ക് വരാം. ഒരാള്‍ എന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞിട്ടുപോലും മറ്റ് ശിഷ്യന്മാര്‍ക്ക് അതാരെന്ന് പിടി കിട്ടിയില്ല. ഇവിടെയാണ് യേശുവിന്റെ ദിവ്യസ്വഭാവത്തില്‍ അത്ഭുതപ്പെടുന്നത്. ആദി മുതല്‍ തന്നെ യേശു യൂദായുടെ ക്രിമിനല്‍ സ്വഭാവത്തെപ്പറ്റി അറിവുള്ളവനായിരുന്നു എന്ന് നാം ബൈബിളില്‍ വായിക്കുന്നു. എന്നാല്‍ അവസാനം വരെ അവനെ സ്നേഹിക്കയും മറ്റ് കൂട്ടുകാര്‍ക്കൊന്നും അവന്റെ  ഈ സ്വഭാവത്തെപ്പറ്റി ഒരു സൂചന പോലും നല്‍കാതെയും അവന്‍ അവരെ സംരക്ഷിച്ചിരുന്നു. നാമാണെങ്കില്‍ എത്ര ദിവസം ഈ രഹസ്യം സൂക്ഷിക്കും? വാക്കുകളില്‍ പറഞ്ഞില്ലെങ്കിലും നമ്മുടെ മുഖഭാവമെങ്കിലും കണ്ട് മറ്റ് ശിഷ്യന്മാര്‍ക്ക് ഒരു സൂചന ലഭിക്കയില്ലേ?  അവനെ ഒന്ന് സൂക്ഷിച്ചോളൂ എന്ന് ഒരു മുന്നറിയിപ്പ് കൊടുക്കാതെയിരിക്കുമോ നാം?

തേജസ്സിന്മേല്‍ തേജസ് പ്രാപിച്ച് ക്രിസ്തുവിനെപ്പോലെ ആയിത്തീരാനാണ് യേശുക്രിസ്തു അനുയായികളെ അന്വേഷിക്കുന്നതും ഒരുക്കുന്നതും. സുവിശേഷങ്ങളീലെ യേശു എനിക്ക് നിത്യവിസ്മയം തന്നെ.

2 comments:

  1. യേശുവിനെ കാണിച്ചുകൊടുത്ത യൂദാസ്സ്‌ കള്ളൻ ആയിരുന്നില്ല. അവന്റെ കൂടെയുള്ളവർക്കുപോലും ഒരിക്കലും അങ്ങനെ തോനിയിട്ടില്ല. ശ്രീയേശൂ ക്രൂശിൽ മരിക്കുവാനായിത്തന്നെയാണു് ഭൂമിയിൽ അവതരിച്ചത്‌. ഒരാൾ തീർച്ചയായും അവനെ കാണിച്ചുകൊടുക്കേണ്ടതുണ്ട്‌. അവസ്സാനദിവസ്സത്തിൽ സാത്താൻ യൂദയെ ആണു് തിരഞ്ഞെടുത്തത്‌. യേശൂ ദൈവപുത്രൻ ആണെന്നും, അവനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നും യൂദ വിശ്വസ്സിച്ചു. പണസ്സഞ്ചി യൂദയുടെപക്കൽ ആയിരുന്നൂ. യുദന്മാർ യേശുവിനെ ക്കാണിച്ചു കൊടുക്കുന്നവർക്ക്‌ പണം നൽകും എന്ന് കേട്ടമാത്രയിൽ യൂദ അവരെസമീപിച്ച്‌, കാട്ടിത്തന്നാൽ എന്ത്‌ തരും എന്ന് ആരാഞ്ഞു. പണം തനിക്കു് ലഭിക്കുമെന്നും പക്ഷേ യേശുവിനെ തൊടാൻ അവർക്ക്‌ കഴിയില്ലാ എന്നും അവൻ പൂർണ്ണമായും വിശ്വസ്സിച്ചു. അവർ എത്തി , അവൻ യേശുവിനെക്കാണിച്ചുകൊടുത്തു. പിന്നീട്‌ എന്തു സംഭവിച്ചു എന്ന് നോക്കുക. താൻ ചിന്തിച്ചതിനപ്പുറമായി യേശുവൈനെ അവർ ചങ്ങലവച്ചു എന്ന് യൂദാസ്സ്‌ കണ്ടപ്പോൾ മഹാപുരോഹിതന്മാരുടെ അടുക്കലേക്ക്‌ അവൻ ഓടി. എന്റെ യേശുവിനെ വിട്ടുതരണം നിങ്ങളുടെ പണം ഇതാ എന്നു് അവൻ പറയുന്നൂ. അവർ യൂദയെ തല്ലി ഓടിക്കുന്നൂ. യൂദയാകട്ടെ 30 വെള്ളിക്കശ്‌ യഹൂദാ പുരോഹിതന്മാരുടെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌, ദുഃഖം സഹിയ്ക്കവയ്യാതെ പോയി കെട്ടിഞ്ഞാണുചത്തു. പത്രോസ്സാകട്ടെ തള്ളിപ്പറഞ്ഞിട്ട്‌ വെളിയിൽ പോയി പൊട്ടിക്കരഞ്ഞിട്ട്‌ കർത്താവിനോട്‌ ക്ഷമക്കായി യാചിച്ചു. അവനു് കർത്താവിന്റെ കൃപ ലഭിച്ചു. യൂദാസ്സിന്നും അപ്രകാരം അനുതപിക്കാമായിരുന്നൂ. യൂദാസ്സിനോട്‌ യേശു പേരെടുത്ത്‌ പറയുന്നില്ല. പത്രോസ്സിനോട്‌ പക്ഷെ അങ്ങനെയായിരുന്നില്ല. എങ്കിലും പത്രോസ്സ്‌ എന്ന പാറമേൽ ആണു് കർത്താവ്‌ സഭയെപ്പണിതത്‌. ഏത്‌ തെറ്റിനെയും ക്ഷമിക്കാൻ കഴിവുള്ള കർത്താവ്‌, നാം നമ്മുടെ കുറ്റങ്ങളെ ഏറ്റുപറയണം എന്ന് ആഗ്രഹിക്കുന്നൂ. ഒന്നുകിൽ നാം കർത്താവിനെ കാണിച്ചുകൊടുക്കുന്നൂ അല്ല്ങ്കിൽ തള്ളിപ്പറയുന്നൂ. എന്തുവേണം എന്ന് നാം ചിന്തിക്കണം.

    ReplyDelete
  2. പ്രിയ ജോണ്‍സണ്‍ വാണിയത്ത്, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ചില കാര്യങ്ങള്‍ സ്നേഹപൂര്‍വം ഓര്‍മ്മപ്പെടുത്തട്ടെ. വളരെ യുക്തിസഹം തന്നെ താങ്കള്‍ എഴുതിയ അഭിപ്രായം. പക്ഷെ “എങ്കിലും വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചുകൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദ്യം മുതല്‍ അറിഞ്ഞിരുന്നു” (ജോണ്‍ 6:64) “ഇത് ദരിദ്രന്മാരെക്കുറിച്ചുള്ള വിചാരം കൊണ്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചിയില്‍ നിന്ന് എടുത്തുവന്നതുകൊണ്ടും അത്രെ” (ജോണ്‍ 12:6) എന്ന സത്യങ്ങള്‍ പകല്‍ പോലെ നില്‍ക്കെ അവന്‍ കള്ളന്‍ ആയിരുന്നില്ല എന്ന് നമുക്കെങ്ങിനെ പറയാന്‍ കഴിയും? നാം നമ്മുടെ റീസണിംഗ് കൊണ്ട് ദൈവവചനം കള്ളമാണെന്നല്ലേ അപ്പോള്‍ പറയുന്നത്? ന്യായവിധി എന്നത് വെളിച്ചം ലോകത്തില്‍ വന്നിട്ടും അതിനെ സ്വീകരിക്കാതിരിക്കുന്നതാണെന്ന് ബൈബിള്‍ പറയുന്നു. വചനത്തെ വെളിച്ചത്തോട് ഉപമിക്കുന്നുവല്ലോ. അപ്പോള്‍ വചനം തെളിവായി അച്ചടിക്കപ്പെട്ടിരിക്കുമ്പോള്‍ അതിനെ സ്വീകരിക്കാതെയിരിക്കുന്നത് ഒരുതരം ന്യായവിധി ക്ഷണിച്ച് വരുത്തുകയല്ലേ? ഇത് ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചുവച്ച്, ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു. വിവേകികള്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിമാന്മാ‍ര്‍ക്കും യുക്തിവാദികള്‍ക്കും ഒക്കെ മറയ്ക്കപ്പെട്ടിരിക്കുന്ന സത്യങ്ങള്‍ കാണുവാന്‍ “തിരിഞ്ഞ് ശിശുക്കളെപ്പോലെ”യാകുവാന്‍ യേശു ക്ഷണിക്കുന്നു. മറ്റെല്ലാ കാര്യത്തിനും യുക്തിയും ബുദ്ധിയും ജ്ഞാനവും ഉപയോഗിക്കുക. ജോലി ചെയ്യേണ്ടതിനും പഠിക്കേണ്ടതിനും കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടതിനും പ്രവൃത്തിയില്‍ സഫലന്‍ ആകേണ്ടതിനും ഒക്കെ ദൈവം നമുക്ക് തന്നിട്ടുള്ള ബുദ്ധിയും ജ്ഞാനവും യുക്തിയുമൊക്കെ ഉപയോഗിക്കുക. എന്നാല്‍ ദൈവവചനത്തിന്റെ അരികിലേയ്ക്ക് വരുമ്പോള്‍ മാത്രം “സ്വന്തവിവേകത്തില്‍ ഊന്നരുത്” (സദൃശവാക്യങ്ങള്‍ 3:5)


    -യേശൂ ദൈവപുത്രൻ ആണെന്നും, അവനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നും യൂദ വിശ്വസ്സിച്ചു- ഒരിക്കലുമില്ല. യൂദ അങ്ങിനെ വിശ്വസിച്ചിട്ടേയില്ല. മറ്റ് ശിഷ്യരെല്ലാം കര്‍ത്താവേ എന്നും നാഥനെന്നുമൊക്കെ വിളിക്കുമ്പോള്‍ യൂദയ്ക്ക് യേശു വെറും “റബ്ബി(ടീച്ചര്‍)” മാത്രമായിരുന്നു (മത്തായി 26:25) മാത്രമല്ല, നാം മുമ്പ് കണ്ട വാക്യത്തിലും, “വിശ്വസിക്കാത്തവരെ ആദി മുതല്‍ അറിഞ്ഞിരുന്നു” എന്ന് വായിച്ചുവല്ലോ.

    ഇത്രയുമാണ് എനിക്ക് ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍.
    വീണ്ടും വരണം.
    സ്നേഹത്തോടെ, സത്യാന്വേഷി.

    ReplyDelete