Saturday, December 10, 2011

ദൈവനാമത്തില്‍ മാമോന്‍

ഈ പോസ്റ്റുകള്‍ ടൈറ്റില്‍ ചെയ്യേണ്ടി വരുമ്പോള്‍ “മതപരം” എന്നാണ് തെരഞ്ഞെടുക്കേണ്ടി വരുന്നത്. എന്നാല്‍ അത് അല്പം വൈമനസ്യത്തോടെയാണ്  ഞാന്‍ ചെയ്യാറ്. കാരണം ഇത് മതപരമല്ല. ഞാന്‍ ഒരു മതത്തിലും ആകൃഷ്ടനോ ഭാഗമോ അല്ല.എന്നാല്‍ വേറൊരു ഓപ്ഷനില്ലാത്തതിനാല്‍ തല്‍ക്കാലം സംഗതി മതപരം തന്നെ!  “മതം മനുഷ്യനെ മയക്കുന്ന കറപ്പ്”  ആണെന്ന് കാള്‍ മാര്‍ക്സ് പറഞ്ഞതെത്രയും ശരിയെന്ന് ബോദ്ധ്യപ്പെടുന്ന ഒരു കാലത്താണ്  ഞാന്‍ ജീവിക്കുന്നത്. യഥാര്‍ത്ഥദൈവത്തെയും ദൈവികപ്രമാണങ്ങളെയും മാനുഷികനീതിയെയും മതം എന്നും നിരസിച്ചും എതിര്‍ത്തും വന്നിട്ടേയുള്ളു. മതത്തിന് എഴുതിവയ്ക്കപ്പെട്ടിട്ടുള്ള പ്രമാണങ്ങള്‍ മാത്രമേയുള്ളു എന്നും. അവയാകട്ടെ മാനുഷപക്ഷത്ത് നില്‍ക്കുന്നവയായിരുന്നില്ല താനും. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും സര്‍വമതങ്ങളുടെയും അടിസ്ഥാനപരമായ സ്വഭാവം ഇതുതന്നെ. യേശുവിനെ കുരിശില്‍ തറച്ച് കൊന്നത്  റോമക്കാരോ യവനരോ ഗ്രേക്കരോ അറബികളോ അല്ല, മറിച്ച് യഹൂദമതവും പുരോഹിതന്മാരും ആയിരുന്നു. ഇന്നും യഥാര്‍ത്ഥയേശുവിനെ ക്രൂശിക്കുന്നവരും ലോകാപവാദം വരുത്തുന്നവരും വേറൊരു മതമോ ജാതിയോ അല്ല, ക്രിസ്തീയരെന്ന് അവകാശപ്പെടുന്ന വിവിധവിഭാഗങ്ങള്‍ തന്നെ. ഭാഗം തിരിഞ്ഞുനിന്ന് പള്ളികള്‍ക്കും പണത്തിനും പദവികള്‍ക്കുമായി വെട്ടാനും കൊല്ലാനും വെല്ലുവിളിക്കാനും ഒരുങ്ങുന്നവര്‍ അവര്‍ തന്നെയല്ലേ? എന്നാല്‍ അവയുടെ പൊള്ളത്തരം തുറന്നുകാട്ടി ഓരോ കാലത്ത് വേര്‍പെട്ടുപോയവരുടെ പിന്‍ ഗാമികള്‍ “വളരും തോറും പിളരുകയും പിളരും തോറും വളരുകയും” ചെയ്യുന്ന കാക്കത്തൊള്ളായിരം സഭകളായി തീര്‍ന്നു. മാത്രമോ മേധാവിത്വത്തിനായി എന്തുതരത്തിലുള്ള പാരവയ്പുകള്‍ക്കും ഡോക്ടറേറ്റ് എടുത്ത ചില റവറന്റുകള്‍ കൂടിയായപ്പോള്‍ ബാര്‍ബേറിയന്മാര്‍ പോലും ചെയ്യാത്ത കുത്സിതവൃത്തികള്‍ക്കൊന്നിനും മടിയുമില്ലാതെയായി അവര്‍ക്ക്. ഇതിനിടയില്‍ യേശുവിന്റെ സൌരഭ്യം പരത്തുന്നവര്‍, അവന്റെ നിര്‍മലവ്യക്തിത്വത്തിന്റെ പരിമളം വിതറുന്നവര്‍, മാതൃകയായിരിക്കുന്ന ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍, ഈ ലോകവും അതിന്റെ പ്രഭുവും വരട്ടെ, അവര്‍ക്ക് ഞങ്ങളോട് ഒരു കാര്യവുമില്ലയെന്ന്  പ്രവൃത്തികളാല്‍ തെളിയിക്കുന്നവര്‍, വളരെ കുറവെങ്കിലും അങ്ങിനെയൊരു ശേഷിതഗണം ഉണ്ട്. “ജീവങ്കലേയ്ക്കുള്ള വഴി കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ” യേശുവിന്റെ സ്വഭാവം എന്നും മനുഷ്യന്റെ യുക്തികള്‍ക്കും രീതികള്‍ക്കും അപ്പുറമായിരുന്നു. ഒരു ചെകിടത്തടിച്ചാല്‍ മറുചെവിടും കാണിച്ചുകൊടുക്കാന്‍ പറഞ്ഞ ക്രിസ്തു പിന്നെയൊരിക്കല്‍ ചാട്ടവാര്‍ എടുത്ത് രൌദ്രഭാവം പൂണ്ടത്  ഓര്‍ക്കുക. ദേവാലയത്തില്‍ ദൈവത്തിന്റെ പേര് പറഞ്ഞ പണമുണ്ടാക്കിയവരെയായിരുന്നു യേശു അടിച്ചുപുറത്താക്കിയത്. പണമുണ്ടാക്കുന്നത് തെറ്റല്ല. പക്ഷെ ദൈവനാമത്തില്‍ പണമുണ്ടാക്കുന്നത് അടിച്ചുപുറത്താക്കേണ്ട  പാപം തന്നെ. അവന്‍ അടിച്ചുപുറത്താക്കിയത് ചന്തയില്‍ കച്ചവടം നടത്തിയിരുന്നവരെയല്ല. ചന്തയില്‍ കച്ചവടം നടത്തുക, പണമുണ്ടാക്കുക-ന്യായം. ദേവാലയത്തില്‍ പണമുണ്ടാക്കുക- അന്യായം, പാപം-അടിച്ചുപുറത്താക്കിശുദ്ധീകരിക്കേണ്ട കൊടിയ പാപം തന്നെ. ഇവിടെ വേറൊരു വിഷയം ശ്രദ്ധിക്കേണ്ടതുണ്ട്. പലസമയത്ത് യേശുവിനെ പലരും പലതും പറയുകയും കല്ലെറിയുകയും കളിയാക്കുകയും പിശാചെന്ന് വിളിക്കയും നിനക്കൊരു ഭൂതമുണ്ട് എന്നു പറകയും പുറന്തള്ളുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെയൊക്കെ ദൈവീകമായി പ്രതികരിച്ചുകൊണ്ട് “ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍” എന്നായിരുന്നു യേശുവിന്റെ പ്രതികരണം. പക്ഷെ ദൈവത്തിന്റെ നാമത്തിന് ഒരു അവമാനം വന്നപ്പോള്‍ യേശുവിന് കയറുകൊണ്ടൊരു ചാട്ടവാറുണ്ടാക്കാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. നാം നേരെ തിരിച്ചാണ്. നമ്മുടെ പേരിനോ മാനത്തിനോ ചെറിയ ഒരു അവമതി തട്ടിയാല്‍ മതി നാം ചാട്ടവാറെടുത്ത് കോപത്തോടെ അടി തുടങ്ങും, എന്നാല്‍ ദൈവത്തിന്റെ നാമത്തിന് അവമാനം നേരിടുമ്പോള്‍ എത്ര നിസ്സംഗതയോടെ ഇരിക്കാന്‍ കഴിയുന്നു. ദൈവനാമത്തില്‍ പണമുണ്ടാക്കുമ്പോഴും അനീതികള്‍ പെരുകുമ്പോഴും നമുക്ക് മനസ്സില്‍ പോലും ഒരു പ്രതിഷേധം തോന്നുന്നില്ല. ഇനി അഥവാ തോന്നുന്നുവെങ്കില്‍ അത് “മറ്റവര്‍” പണമുണ്ടാക്കുന്നു എന്നുള്ള എരിച്ചില്‍ മൂലമായിരിക്കും. അതെ, മതം കൊല്ലുവാന്‍ പ്രേരിപ്പിക്കുന്നു. സ്നേഹത്തിന്റെ മതമായാലും, ത്യാഗത്തിന്റെ മതമായാലും ക്ഷമയുടെ മതമായാലും ഒരു എതിര്‍ വാക്ക് ഉയരട്ടെ, അപ്പോള്‍ ഖഡ്ഗങ്ങള്‍ ഉയരുകയായി.  ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിച്ചുവെങ്കില്‍!!!!

4 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. എത്ര വാസ്തവം! ക്രിസ്തു ഇന്നും കുരിശിൽ തറയ്ക്കപ്പെടുകയാണ്. ക്രൂശിക്കുന്നവരുടെ മുൻപന്തിയിൽ നിൽക്കുന്നതോ ക്രിസ്ത്യാനികളും!!

    ReplyDelete
  3. അനോണീയുടെ കമന്റ് സഭ്യമല്ലാത്തതിനാല്‍ ഖേദപൂര്‍വം നീക്കുന്നു

    ReplyDelete